06:40pm 14 May 2026
NEWS
കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
14/05/2026  02:03 PM IST
nila
കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം ∙ കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പ്രസ്ഥാനം തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ച കോൺഗ്രസ് അധ്യക്ഷനും രാഹുൽ ​ഗാന്ധിക്കും അദ്ദേഹം നന്ദി അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ അഹോരാത്രം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെയും ‘ടീം യുഡിഎഫ്’ന്റെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്ന് സതീശൻ പറഞ്ഞു. കേരള ജനത നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് മുന്നിൽ നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേരളത്തിന്റെ നിർമ്മാണത്തിനായി പൂർണ സമർപ്പണത്തോടെയും കൂട്ടായ പ്രവർത്തനത്തോടെയും സർക്കാർ മുന്നോട്ട് പോകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

വി ഡി സതീശന്റെ വാക്കുകൾ ഇങ്ങനെ: 

‘‘ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഏറ്റവുമധികം സഹായിച്ചത് എഐസിസിയാണ്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കണം. പുതുയുഗം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന പ്രവർത്തനത്തിനേ കഴിയൂ.

ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പ്രഖ്യാപനം നീണ്ടതിൽ നാണക്കേടില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പാർട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ല’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img